

(കലാമണ്ഡലം ഹൈദര്‍ അലിക്കും വെണ്‍മണി ഹരിദാസിനും)
1. വൈറ്റിലക്കവലയില്‍
വലത്തു തിരിയുവാന്‍
പച്ചലൈറ്റെത്തുന്നതും
കാത്തു ഞങ്ങള്‍ രണ്ടു പേര്‍.
ഒരു കുമ്പിളില്‍ക്കോരി-
യെടുത്താലവിടെത്തി-
പ്പരക്കും ജലമായി
വാഹനവ്യൂഹം, മുന്നോ-
ട്ടെടുക്കെ, യിടത്തുനി-
ന്നെത്തിയ ഫയര്‍ എന്‍ജിന്‍
വണ്ടിയിലുരുമ്മിയോ?
സുഹൃത്തെന്‍ കൈയില്‍ച്ചേര്‍ത്തു
പിടിച്ചു, വലത്തേയ്ക്കു
കുതിച്ചാര്‍ത്തൊഴുകുമ്പോള്‍
ചീര്‍ത്ത വാഹനഭീതി;
കാട്ടിലെത്തുറപ്പിലോ
പെട്ടു പോയതു ഞങ്ങള്‍?
സൌഹൃദമഭയമായ്
കേള്‍ക്കയാണഠാണയില്‍-1
പാടുന്നു കൂടെ ഹൈദ-
രലിയും ഹരിദാസും.
2. കോട്ടയം നഗരത്തെ-
പ്പൂവനമാക്കി, റബ്ബര്‍-
ക്കാടിനെ പ്രണയത്താല്‍
കമ്പിളിപ്പുതപ്പാക്കി,
മീനച്ചിലാറെ ചങ്ങ-
മ്പുഴയാക്കിയിട്ടോണ-
വഞ്ചിയില്‍ തുഴഞ്ഞതു
തിരുനക്കരയാക്കി.
വാര്‍ഷികപ്പരീക്ഷയും
കഴിഞ്ഞു തിടുക്കത്തില്‍
പിന്നിലൂടിറങ്ങുമ്പോള്‍
തടയാന്‍ വന്നില്ലവള്‍.
‘ഒന്നുരിയാടാതെ പോ-
കുന്നുവോ?’പിന്നില്‍നിന്നു
ഗദ്ഗദം സംഗീതമായ്
മാറ്റിയ സ്വരം- ‘നിന്നെ
പ്രാണനോടു ചേര്‍ത്തൊരീ
നാരിയെ വെടിഞ്ഞുവോ?’
ഏറ്റു പാടുമ്പോള്‍ മുറി-
വേറ്റതാണതിന്‍ താളം.
3. ജീവിതപ്പരീക്ഷയില്‍
തോല്‍ക്കയാല്‍, ബാഗും തൂക്കി
കോഴിക്കോട്ടങ്ങാടിയി-
ലകലേ നീലാകാശം
പാടി ഞാന്‍ നടക്കുമ്പോള്‍
ലഹരിപ്പുകയ്ക്കക-
ത്തെരിയും വിശപ്പിലേ-
യ്ക്കന്നമായ് ഒരുവന്റെ
സൌഹൃദം കനിഞ്ഞതു
സ്വപ്നമോ? കൈകള്‍ കൂപ്പി
കുഴയും നാവില്‍നിന്നു
വാക്കുകള്‍ വരും മുമ്പേ
‘മുന്നില്‍ നിന്നവനെന്റെ
മിന്നല്‍ പോലേ മറഞ്ഞു’.3
ചാരുകേശിയില്‍ വീണ്ടും
രാഗവിസ്താരം, കുറ-
ച്ചേറെ നാള്‍ പണി തേടി
നിത്യസഞ്ചാരം, വീട്ടി-
‘ലെങ്ങെങ്ങു മകനെന്നു’4
നീണ്ട ദു:ഖഘണ്ടാരം.
4. കിഴക്കേക്കോട്ടയ്ക്കടു-
ത്തൊരു സങ്കേതം, മൃദു-
സംഗമഗീതം, ഹൈദ-
രലിയും ഹരിദാസും.
‘അജിതാ ഹരേ’, ‘പ്രിയ-
മാനസാ’-5 ഞാനുണ്ടവര്‍-
ക്കിടയിലവല്‍പ്പൊതി
തുറക്കെ, ‘കല്യാണിക്കു
ശങ്കരാഭരണവു-
മായൊരു സ്വരം മാത്രം
മാറ്റമുണ്ടതുപോലെ
ഹരിദാസനും ഞാനും’
അരങ്ങത്താരുണ്ടന്യന്‍?-
ചിരിക്കാന്‍, മരണത്തി-
ലമ്മയെക്കാണാന്‍ തുണ
സിന്ധുഭൈരവി, കൂടെ-
നടന്നൂ ഭീംസെന്‍ ജോഷി,
ശോകകാലമായ് സൈഗാള്‍,
മഴയില്‍ കുടയായി
ബാബുരാജ്, അണയാത്ത
കനലായ് ഖരഹര-
പ്രിയയായ് ഗംഗാധരന്‍.
രണ്ടു പക്ഷികള്‍ തമ്മി-
ലെന്നപോല്‍, സ്വരങ്ങളെ-
ക്കൊണ്ടവര്‍ സംസാരിക്കെ
ഭാഷയില്ലാതെന്‍ മൌനം.
എന്നിലുണ്ടിരമ്പുന്ന തെരുവും,
ലഹരിയില്‍ മങ്ങിയ വെളിച്ചവും
പോകുവാന്‍ തിടുക്കവും.
യാത്രയായവ,രന്നു
കളിയുണ്ടൊരുമിച്ചു;
ബസ്സു കിട്ടുവാന്‍ വഴി
മുറിച്ചു കടക്കണം.
തെരുവിന്‍ തിരക്കിലും
തോണിയാത്രയിലെന്ന-
പോലവരിരുവരും
തോടിയായ് കാംബോജിയായ്
ആരവങ്ങളില്‍ രാഗ-
സൌഹൃദം ലയിക്കുന്നു.
ഞാനവിടിരുന്നെല്ലാ-
മോര്‍ക്കുവാന്‍ ശ്രമിക്കുന്നു.
എന്നിലേയ്ക്കിടയ്ക്കിടെ-
യെത്തിയ സ്വരങ്ങളില്‍
രാഗമി, ല്ലവയ്ക്കുള്ളില്‍
ജീവിതം ശ്ളഥം ലയം.
ഓര്‍മ്മയില്‍ സൈഗാള്‍ പണ്ടു
ക്രൂരകാലത്തെപ്പറ്റി
പാടിയ ഗാനം; മുന്നില്‍ശൂന്യമായ് മധുപാത്രം.
1. കുചേലവൃത്തം2. ദേവയാനീസ്വയംവരം
3. ബാണയുദ്ധം
4. ഹരിശ്ചന്ദ്രചരിതം
5. കുചേലവൃത്തം, നളചരിതം.
(സമകാലികമലയാളം വാരിക 2006)
