Saturday, August 10, 2013

ഇപ്പട്ടേരിക്കും

ഭക്തിശ്ലോകങ്ങളോട് അതിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍മാത്രമായി പ്രത്യേകിച്ച് ഒരു കമ്പവും സൂക്ഷിക്കാത്തയാളാണു ഞാന്‍. ഹാസ്യശ്ലോകങ്ങളുടെ പൊതുരീതിയോടും അങ്ങനെതന്നെ. അക്ഷരശ്ലോകക്കാര്‍ ഹരം‌കൊള്ളുന്ന ‘ചാറേ ചമ്മന്തി’പ്പരുവത്തിലുള്ള ശ്ലോകങ്ങളോട് ആ സമയത്തൊലിച്ചിറങ്ങുന്ന മുറുക്കാന്‍‌തുപ്പലിനോടെന്നപോലെ ഒരു അറപ്പും തോന്നാറുണ്ട്. എന്നാല്‍‌ ‍ചെറുപ്പം മുതലേ കേട്ട ചില കവിതകള്‍ ശ്ലോകരൂപത്തിലാണെങ്കിലും അവയ്ക്കുള്ളിലെ ജീവിതംകൊണ്ട് എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. പ്രേംജിയുടെ ‘ഇപ്പട്ടേരിക്കും’ എന്ന കവിത അത്തരത്തിലൊന്നാണ്. നമ്പൂതിരിസമുദായത്തിലെ യാഥാസ്ഥിതികവാദികള്‍ക്കെതിരേ ഇ.എം. എസ്., വി. ടി. ഭട്ടതിരിപ്പാട്, എം. ആര്‍. ബി. എന്നിവര്‍ക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണല്ലൊ പ്രേംജി. കവിയും നാടകകൃത്തും നടനുമായ ഇദ്ദേഹത്തിനു പിറവി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിലൂടെ ലഭിച്ച ഭരത് അവാര്‍ഡും ഓര്‍മിക്കുമല്ലൊ.

ഈ കവിതയ്ക്കു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പ്രേംജിക്ക് ഒരിക്കല്‍ വാതരോഗം പിടിപെട്ടു. വൈദ്യര്‍‌പോലും കൈയൊഴിഞ്ഞ അവസ്ഥയില്‍ പണ്ടു മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി നാരായണീയം എന്ന സ്തുതിദശശതകം ഗുരുവായൂരപ്പനു കാഴ്ചവെച്ചതുപോലെ തന്നെക്കൊണ്ടാവുന്നവിധം ഒരു കാവ്യം സമര്‍പ്പിക്കുവാന്‍ പ്രേംജിയെ ചില അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു. അതനുസരിച്ച് അദ്ദേഹം ഒരു പത്തു ശ്ലോകങ്ങള്‍ രചിച്ചു ഗുരുവായൂരപ്പനു സമര്‍പ്പിക്കയും ചെയ്തു. അതാണ് ‘ഇപ്പട്ടേരിക്കും’ എന്ന കവിത. ശ്ലോകത്തിന്റെ അക്ഷരഘടനയ്ക്ക് ഒന്നാന്തരം മാതൃകയായി ഈ കവിതയെ പലരും കണക്കാക്കാറുണ്ട്. എന്നാല്‍ അക്ഷരപ്പെരുക്കത്തിന്റെയും വൃത്തഭദ്രതയുടെയും രൂപഭംഗികളുള്ളപ്പോള്‍ത്തന്നെ ഉള്ളില്‍ നിറഞ്ഞുകവിയുന്ന ജീവിതത്തിന്റെ നനവ് ഈ കവിതയില്‍ പടര്‍ന്നുകിടക്കുന്നു. ഭക്തിയോടൊപ്പം പ്രകടിപ്പിക്കുന്ന പരിഭവത്തിന്റെ സ്വരവും ശ്രദ്ധേയം. കുറച്ചുകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന ഈ കവിത അയച്ചുതന്ന പുനം സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് നന്ദി പറഞ്ഞുകൊണ്ട് ഈ കവിത ഇവിടെയും പങ്കുവയ്ക്കുന്നു.

ഇപ്പട്ടേരിക്കും

പ്രേംജി

നക്രം കാലില്‍ക്കടിച്ചിട്ടിഭവരനൊരുവന്‍
പണ്ടഴല്‍ക്കൊണ്ടപോലെ,
ചക്രശ്വാസം വലിക്കുന്നിതു ദിനമനു ഞാന്‍
വ്യാധിസംബാധിതാംഘ്രി;
മത്ക്രന്ദം കേട്ടിടാഞ്ഞോ, കനിവലകടല-
ങ്ങയ്ക്കു വറ്റിക്കഴിഞ്ഞോ,
ചക്രത്തിന്‍ മൂര്‍ച്ച മാഞ്ഞോ? ക്വനു തവ കരുണാ-
വിക്രമം ചക്രപാണേ?

കൈകാല്‍ കോച്ചിപ്പിടിച്ചും കഠിനതരമെലി-
മ്പേപ്പു പൊട്ടിപ്പിളര്‍ന്നും
ശോകാവേഗേന ഘോരാമയമയശയനേ
വീണു ഞാന്‍ കേണിടുന്നു;
ഹാ, കാണുന്നില്ലയോ, ചിന്‍മയ, സകലജഗല്‍-
സാക്ഷി നീ? -യെന്തി, നയ്യോ,
ചാകാനും സമ്മതിക്കാതിവനെയിതുവിധം
രുക്കില്‍ നീ മുക്കിടുന്നൂ?

പോരാതായീ ചികിത്സാവിധികള്‍ മുഴുവനും;
വൈദ്യരോ, കൈയൊഴിച്ചൂ;
നേരാതേ ബാക്കിയായിട്ടിനിയൊരു വഴിപാ-
ടെങ്കിലും നിങ്കലില്ല;
ഓരാതോരോവിധം ഞാനനവധി ദുരിതം
ചെയ്തിരിക്കാ, മതെല്ലാം
പാരാതേ നീ പൊറുത്തീടണ, മയി കനിവിന്‍-
കാതലേ, വാതനാഥ!

തെറ്റുണ്ടെങ്കില്‍പ്പൊറുത്തീടുക, പവനപുര-
ത്തപ്പനേ, തൃപ്പദത്തില്‍-
പ്പറ്റുന്നില്ലെന്റെ ചിത്തം ദിനമനു വളരും
വ്യാധിതന്നാധിമൂലം;
ചുറ്റും നിന്‍ മായ വീശും വലിയൊരു വലയാം
ഘോരസംസാരബന്ധം
മുറ്റും പൊട്ടിക്കുവാനില്ലൊരു ചെറുകഴിവി-
ജ്ജന്തുവി, ന്നെന്തു ചെയ്യാം?

ദീനപ്പായില്‍ക്കിടന്നങ്ങനെയെരിപൊരികൊ-
ണ്ടീടവേ, ദേവ, നിന്നെ
ധ്യാനം ചെയ്യാനടച്ചാലകൃതസുകൃതമാ-
മെന്റെ കണ്ണിന്റെ മുമ്പില്‍
ദീനം ക്ഷുത്തര്‍ഷദൂനം വലയുമൊരു കുചേ-
ലന്റെ കേഴും കുടുംബം
നൂനം കണ്ടീടു;- മപ്പോ, ളഹഹ, മമ മനം
വെന്തുപോ, മെന്തു ചെയ്യാം?

പേറ്റിന്‍ഭാരം സഹിച്ചിട്ടതിപരവശയായ്‌-
പ്പോയ മജ്ജായ; - യേതാ-
ണ്ടീറ്റില്ലക്കേടു തീരാനിലയിലുഴലുവോ-
രഞ്ചു പൂംപിഞ്ചുമക്കള്‍-
മാറ്റിത്തന്നീടണം മദ്ഗദ; -മതു കഴിവി-
ല്ലെങ്കിലെന്‍ വീട്ടുകാരെ-
ത്തീറ്റിപ്പോറ്റേണ്ട ഭാരം തനതു തലയിലേ,
പോറ്റി, നീയേറ്റിടേണം!

ഒട്ടാണ്ടെന്നച്ഛനത്യാദരവൊടു തവ തൃ-
ക്കോവിലില്‍ ശാന്തിചെയ്തൂ;
മുട്ടാതെന്നമ്മ ഭക്ത്യാ തൊഴുതു നടയില്‍നി-
ന്നങ്ങയെത്തിങ്ങള്‍തോറും;
കിട്ടാന്‍ പാടില്ലയോ തത്സുകൃതധനമിവ-
ന്നല്‍പവും? ഭ്രഷ്ടനാക്ക-
പ്പെട്ടാലും പുത്രനില്ലേ പിതൃജനമുതലില്‍-
പ്പിന്തുടര്‍ച്ചാവകാശം?

മുക്കൂട്ടപ്പാതവക്കത്തൊരുതവി കളഭം
കാഴ്ചയായ്‌ വെച്ചതിന്നാ
മുക്കൂനിപ്പെണ്ണിനേയും, മുരഹര, മുതു നീ
നീര്‍ത്തി മുഗ്ദ്ധാംഗിയാക്കി;
ഉള്‍ക്കൂറത്രയ്ക്കു സേവിപ്പവരിലനുപമം
കാട്ടുമാറുള്ളൊരങ്ങ-
യ്ക്കൊക്കൂലെന്നായ്‌വരില്ലിങ്ങടിതൊഴുമടിയ-
ന്നോലുമിക്കാലു നീര്‍ത്താന്‍!

നഞ്ഞാളും കാളിയന്‍തന്‍തലയിലു, മതുപോ-
ലാക്കുറൂരമ്മയാകും
കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുത-
ന്നുള്ളിലും തുള്ളിയോനേ,
ഇഞ്ഞാനെന്നുള്ള ഭാവക്കറയധികതരം
പൂണ്ടു മാലാണ്ടുപോമെന്‍-
നെഞ്ഞാം രംഗത്തു തങ്കത്തളകളിളകി നീ
നിത്യവും നൃത്തമാടൂ!

പട്ടേരിപ്പാടു പണ്ടാ സ്തുതിദശശതകം
കാഴ്ചവെച്ചന്നു കോരി-
ക്കൊട്ടേലല്ലോ കൊടുത്തൂ കനിവിനൊടവിടു-
ന്നായുരാരോഗ്യസൌഖ്യം;
വിട്ടേ പോകാത്തൊരിദ്ദുര്‍ദ്ദശയൊടു ശതകം-
ചൊല്ലിയോനല്ലി ഞാ; - നീ-
പ്പട്ടേരിക്കും തരാവൂ ഗദശമനസുഖം
സാനുപാതാനുകമ്പം!

18 comments:

മനോജ് കുറൂര്‍ said...

കവിയും നാടകകൃത്തും നടനുമായ ഭരത് പ്രേംജിയുടെ, ജീവിതഗന്ധമുള്ള സവിശേഷമായൊരു കവിത സന്തോഷത്തോടെ പങ്കുവയ്ക്കുന്നു.

Unknown said...
This comment has been removed by the author.
ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

Thanks Manoj.
കാവ്യം സുഗേയത്തിൽ പ്രേംജി എത്താറായി. ശംഖനാദം, സമാവർത്തനം എന്നിവ വായിച്ചു. ഇപ്പോൾ- ഇതും. ഇതു തന്നെയായാലോ?

Pramod.KM said...

ഇത് പ്രേംജി ഭക്തിപുരസ്സരമെഴുതിയ പ്രാര്‍ത്ഥനയാണോ? എന്തോ എനിക്കു തോന്നിയത് ഒരു കാവ്യകൌതുകം എന്ന നിലയില്‍ ആണ്. പ്രത്യേകിച്ചും യാഥാസ്ഥിതികര്‍ക്കെതിരെ നിലകൊണ്ട പ്രേംജി “പിതൃജനമുതലില്‍-
പ്പിന്തുടര്‍ച്ചാവകാശം?“ എന്നൊക്കെയുള്ള ഖണ്ഡത്തില്‍ ഒരു തരം ചിരിയല്ലേ ഒളിപ്പിച്ചിട്ടുണ്ടാവുക?
ആമുഖക്കുറിപ്പില്‍ക്കണ്ടപ്പോള്‍ ഓര്‍മ്മ വന്ന ഒരു ‘ചാറേ ചമ്മന്തി’ ,ഇവിടെ എഴുതിക്കോട്ടേ? ആരാണെഴുതിയതെന്നറിയില്ല.
‘ദാരിദ്ര്യം വന്നുപറ്റീ പലപല പരിതാപങ്ങളും വന്നു ചുറ്റീ
നാരീ വൃന്ദങ്ങള്‍ തെറ്റീ ശിവശിവശിവനേ സ്നേഹിതന്മാരു തെറ്റീ
പാരം മാതാവു തെറ്റീ ഗുണഗണമിയലും താതനും തെറ്റിയല്ലോ
ഈ ഭൂമൌ ഇവനെ വിണ്ടലയുവാന്‍ വച്ചേക്കൊലാ ദൈവമേ.”

Pramod.KM said...
This comment has been removed by the author.
മനോജ് കുറൂര്‍ said...

നന്ദി ജ്യോതിബായ്, ഇതുതന്നെയാവാം :)
പ്രമോദ്, ഇതു ഭക്തിപുരസരം എഴുതിയ പ്രാര്‍ഥനയാണെന്നല്ല പറഞ്ഞത്. എഴുതുന്നതിനു പിന്നിലുള്ള കാരണത്തെപ്പറ്റി പറഞ്ഞുകേട്ടത് എഴുതിയെന്നേയുള്ളൂ.
വെറും ഭക്തിശ്ലോകമായിരുന്നെങ്കില്‍ ഞാന്‍ ഇതിവിടെ പകര്‍ത്തില്ലായിരുന്നു. ആദ്യം മുതല്‍ അന്ത്യം വരെയും പരിഭവവും പരിഹാസവും ഉണ്ടല്ലൊ. പ്രമോദ് പറഞ്ഞ ശ്ലോകത്തിന്റെ അവസാനത്തെ വരി തുടങ്ങുന്നത് അങ്ങനെതന്നെയാണോ? ശ്ലോകവിദഗ്ദ്ധരാണെങ്കില്‍ സ്വരാക്ഷരത്തില്‍ തുടങ്ങില്ല. മുന്‍‌വരിയുമായി സന്ധിപ്രശ്നം വരും. :) പ്രേംജിയുടെ ശ്ലോകങ്ങളുടെ പ്രത്യേകതയും അതുതന്നെ. അത് രചനാസാങ്കേതികതയിലും കുറ്റമറ്റതാണല്ലൊ. :)

Pramod.KM said...
This comment has been removed by the author.
Pramod.KM said...

തീര്‍ച്ചയായും 4-ആം വരി അങ്ങനെയായിരിക്കില്ല. തല്‍ക്കാലം എന്റെ പത്തുപൈസ പൂരണം:)
“പാരില്‍ കഷ്ടപ്പെടാനായിനിയുമിവനെ നീ വച്ചേക്കൊലാ ദൈവമേ..“

മനോജ് കുറൂര്‍ said...

പ്രമോദ്, നാലാം വരിയുടെ ലക്ഷണമൊത്ത പൂരണത്തിനു പ്രത്യേക സന്തോഷം :)

എന്‍.ബി.സുരേഷ് said...

വളരെ വൈകിയാണ് കണ്ടത്. ഞാന്‍ ബൂലോകത്തില്‍ പിച്ചവയ്ക്കുന്നു.
പിച്ചവച്ച നാള്‍ മുതല്‍............

Kalavallabhan said...

ഇതൊന്നു വായിക്കാൻ അവസരമൊരുക്കിത്തന്നയാൾക്ക് നന്ദി

A. C. Sreehari said...

പാരില്‍ കഷ്ടപ്പെടുത്താനിയുമിവനെ [kurur] നീ വെക്കലാ k m pramode!

മനോജ് കുറൂര്‍ said...

ഈ കവിത ജ്യോതീബായ് പരിയാടത്ത് ആലപിച്ചത് ഇവിടെ കേള്‍ക്കാം:
http://kavyamsugeyam.blogspot.com/2010/05/1908-23.html

ആ ബ്ലോഗില്‍നിന്ന്എന്റെ കുറിപ്പിലെ തെറ്റു തിരുത്തുന്ന ശ്രദ്ധേയമായ ഒരു കമന്റും:

neelan said...

Ithil Malayathil engine type cheyyum ennariyilla.Hence this post in English.There are some slight factual mistakes in Manoj's narration of the (hi )story behind the poem. Premji had exima ( hope i spelled it right ) on his legs. He went to Vellor medical college for treatment and got cured completely .. On his way back when the train reached Valayar, he started scraching his legs due to itching . By the time he reached home at Trissur he had his legs swollen,with blood oozing out of his exima wounds again.He returned to the sick bed at home. It was from that sick bed that he wrote this poem. It was not because some one advised. And he never went to Guruvayoor with that poem. He remained a non-believer till his last breath.Sorry for the post in English, that too bad English.
Neelan

മനോജ് കുറൂര്‍ said...

പ്രിയ നീലന്‍, എന്റെ ഊന്നല്‍ ആ കവിതയുടെ സവിശേഷതകളിലായിരുന്നു. കവിതയ്ക്കൊപ്പം ചെറുപ്പത്തില്‍ പറഞ്ഞുകേട്ട രചനാ‍പശ്ചാത്തലംകൂടി പങ്കുവയ്ക്കണം എന്നു തോന്നി. ചില കേട്ടുകേള്‍വികള്‍ മാത്രം വച്ചാണ് ആ കുറിപ്പ് എഴുതിയത്. “ഐതിഹ്യം”എന്നു കുറിപ്പില്‍ത്തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. അതിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് വ്യക്തമാക്കിയതില്‍ വളരെ സന്തോഷം. അതും ആധികാരികമായ കേന്ദ്രത്തില്‍നിന്ന്. നന്ദി :)

May 16, 2010 8:40 PM

Kaithamullu said...

ഒരു പാട് പേരോട് നന്ദി പറയുന്നു:
മനോജ്,
പ്രമോദ്,
ജ്യോതിഭായ്
പിന്നെ ആ‍ധികാരികമായി വിശദീകരിച്ച നീലന്‍!!

Anonymous said...

kavithaye patti marichorabhiprayamilla.

pakshe Sri Neelante note .
theerthum aviswasiyaaya oraL ingane ezhuthumO ? enthinezhuthaNam ? ennI samzayangal baakki nilkkunnu.

Madhavikutty said...

iniyumere ariyanundenna ormappeduthalinu nandi.. poem and all the related comments added to the knowledge bank.thanks.

Reshma said...

sir croossing enna kavitha onu post cheyyamo

DKM said...

What is interesting to me is Prem-ji's son's claim that his father was an atheist.

I think the matter is a bit more complex.

Some observers of Nampoothiri culture have wondered whether the community is ORTHOPRAX instead of ORTHODOX.

Which means that DOCTRINE is not given as much importance as PRACTICES or Praxis.

To put it more plainly: If a person performs a ritual, say, a Yajn^a, exactly according to the VIDHI, he will get the results whether or not he believes in them.

If this argument is correct, then Premji could have written the hymn about Bhagavaan which is equivalent to worshipping HIM, and whether or not Premji believed in the Divine.

Now there are stories from the ItihAsa-s and PurANa-s which illustrate this point such as the Hunter unknowingly dropping Vilwa leaves at night which he did to pass time, but there was a Shiva Lingam down below, and he gets an entry into ShivalOkam because he had kept awake the whole night and performed VilwAbhishEkam to Shiva -- all unknowingly. Which is how ShivarAtRi started. So PRAXIS is what matters -- not DOXIS = doctrine.

Maybe Prem-ji was led by this element of the Nampoothiri culture? I wonder.